ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചെറിയ മനുഷ്യനും വലിയ മഹത്വവും

കൊളംബിയയിലെ കരീബിയിന്‍ തീരത്തെ കടല്‍ക്കരയിലെ ഒരു സായാഹ്നം. വിനോദസഞ്ചാരികളുടെ ആധിക്യത്താല്‍ അന്തരീക്ഷം ശബ്ദമുഖരിതം. ആരെയും ആകര്‍ഷിക്കുന്ന ചുടുകാപ്പിയുടെ സുഗന്ധം. ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍കേസിന്റെ ഭവനം അസ്തമയഅരുണശോഭയില്‍ വെട്ടിത്തിളങ്ങുന്നു. ചുകന്ന ഇഷ്ടികയില്‍ പണിതുയര്‍ത്തിയ മാര്‍കേസ് ഭവനം കടലിന്നഭിമുഖമായി തലയുയര്‍ത്തിനില്ക്കുന്നു. എന്റെ ചിന്തകള്‍ ഗാര്‍സ്യയിലും ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലുമായി മാത്രമൊതുങ്ങിയില്ല. പണവും പ്രശസ്തിയും അധികാരവുമില്ലാതെ ഒരാള്‍ക്ക് മഹനീയത കൈവരുമോയെന്ന ആലോചനയില്‍ ഞാന്‍ മുഴുകി. ലോകാംഗീകാരവുമായി യഥാര്‍ഥ മഹനീയതയ്‌ക്കെന്ത് ബന്ധമാണുള്ളത്? നൊബേല്‍ സമ്മാനം കിട്ടിയെങ്കില്‍ മാത്രമാണോ നമ്മളില്‍ മഹത്വം വന്നുനിറയുക?

അങ്ങനെയെല്ലാം ആലോചിക്കുമ്പോഴാണ് ഒരാള്‍ സ്വയംപ്രഖ്യാപിത ടൂറിസ്റ്റ് ഗൈഡായി അവതരിച്ച് മാര്‍കേസ് ഈ 80-ാം വയസ്സില്‍ ഒരു തെരുവുവേശ്യയുടെ ജീവിതമെഴുതുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ തുടങ്ങിയത്. പല ചരിത്രസംഭവങ്ങളും അടിമവ്യാപാരത്തിന്റെയും കടല്‍ക്കൊള്ളക്കാരുടെയും ഭീതിദമായ കഥകളും ഞാന്‍ കേട്ടു. ചരിത്രംകൊണ്ടുള്ള കൂടുതല്‍ ആക്രമണം തടയാനെന്നോണം ഞാന്‍ കുറച്ചു പിസോയെടുത്ത് അയാളുടെ കൈകളില്‍ പിടിപ്പിച്ചു - അയാളെ ഒഴിവാക്കാനായി ഞാന്‍ കണ്ട മാര്‍ഗം. അയാള്‍ അത് സ്വീകരിച്ചില്ല. ഒരു നാടകത്തിലെന്നോണം അയാള്‍ എന്നെ വണങ്ങി ഉപചാരപൂര്‍വം യാത്രപറഞ്ഞു. ആ നിമിഷം വരെ നിസ്സാരനായി ഞാന്‍ കരുതിയ ആ ചെറിയ മനുഷ്യനിലെ വലിയ മഹത്വത്തിനുമുന്നില്‍ ഞാന്‍ വിനീതനായി. 

അയാളെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുമ്പോളാണ് കോഫി ടേബിളില്‍ ക്ലോഡിയ വന്നിരിക്കുന്നത്. കറുത്ത വെള്ളച്ചാട്ടത്തിന്റെ അറ്റംകെട്ടിയപോലുള്ള മുടിയുമായി ഒരു വെനീഷ്യന്‍ സുന്ദരി. മേശമേല്‍ വെച്ച വലതുകൈയിലെ ചൂണ്ടുവിരലില്‍ ഇളംപച്ച എമറാള്‍ഡ് മോതിരം വെട്ടിത്തിളങ്ങുന്നു. അനന്തമായ കാലചക്രത്തില്‍ മാറിമറഞ്ഞുകൊണ്ടിരിക്കുന്ന വസന്തകാലത്തിന്റെയും ജീവിതത്തിന്റെയും നിറമാണ് പച്ച - ഞാന്‍ പറഞ്ഞു. നൂറ്റാണ്ടുകളായി അനശ്വരപ്രണയത്തിന്റെകൂടി നിറമാണ് പച്ചയെന്ന് ക്ലോഡിയ. പുരാതന റോമില്‍ പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ വീനസിന്റെ നിറമായിരുന്നു പച്ച. 

വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ക്ലോഡിയയുടെ മുഖത്ത് ദുഃഖം നിഴിലിക്കുന്നുണ്ടായിരുന്നു. അസ്വസ്ഥമായ മനസ്സുകണക്കെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന തിരമാലകളെ നോക്കി അവള്‍ പറഞ്ഞു - നോക്കൂ, എന്റെ ജീവിതം വെറും വ്യര്‍ഥമാണ്. നാമിവിടെ ഏകരായി എത്തുന്നു. അതുപോലെ വിടപറയുന്നു - അവള്‍ തുടര്‍ന്നു. അല്ല ക്ലോഡിയാ നാമിവിടെ ഒന്നായി ജനിക്കുന്നു. ഒന്നായി തിരിച്ചുപോവുന്നു എന്ന് ഞാന്‍ തിരുത്തി. നാമീലോകത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. സമുദ്രത്തിന്റെയും പര്‍വതങ്ങളുടെയും നിഗൂഢമായ ഏകാന്തതയുടെ ഭാഗവുമാണ്. മുന്തിരിത്തോപ്പുകളില്‍നിന്ന് നമ്മുടെ സിരകളിലേക്കൊഴുകുന്ന വൈനിലും എമറാള്‍ഡിന്റെ പച്ചത്തിളക്കത്തിലും ഈ പ്രപഞ്ചതാളത്തിലും നമ്മളുണ്ട്. പ്രാപഞ്ചികമായ ഏകത്വത്തിന്റെ സൃഷ്ടികളാണ് നാം. മഹാപ്രപഞ്ചത്തിന്റെ ഭാഗമായി ജന്മമെടുക്കുന്ന നാം അനന്തമായ പ്രപഞ്ചത്തിന്റെതന്നെ ഭാഗമായി ലയിക്കുന്നു. നമ്മുടെ മഹത്വത്തിന്റെ രഹസ്യം കുടികൊള്ളുന്നത് ആ അനന്തമായ ഏകത്വത്തിലാണ്. ക്ലോഡിയാ, നീ തനിച്ചല്ല, നിന്റേതായ മഹത്വം എന്നും നിന്നോടൊപ്പമുണ്ട്. - ദേബശിഷ് ചാറ്റര്‍ജി
കടപ്പാട് :- മാത്രുഭൂമി ദിനപത്രം 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിജയമന്ത്രങ്ങൾ - 1

 

സ്വരലയവും ഏകാഗ്രതയും

അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്?  എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന...

വിജയമന്ത്രങ്ങൾ - 2