ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വെക്കുന്നതല്ല മുടി വളരുന്നതാണ്‌

ഹാര്‍വാഡ് ബിസിനസ് സ്‌കൂളിനെ ഒരു ബൗദ്ധിക-സര്‍ക്കസ് കൂടാരമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. സകലവിഷയത്തെക്കുറിച്ചും എന്തെങ്കിലുമൊക്കെ നമുക്കറിയാന്‍ പറ്റുന്നയിടം. എങ്ങനെ ഈശ്വരനെ അറിയാം എന്നൊരു പ്രഭാഷണം ഒരു മുറിയില്‍ നടക്കുമ്പോള്‍ അടുത്തമുറിയില്‍ ദൈവം തന്നെ പ്രഭാഷകനാണെന്ന് കരുതുക. ആളുകള്‍ ഏതിലേക്കുള്ള ക്യൂവിലായിരിക്കും? ദൈവത്തെ കേള്‍ക്കാന്‍ പോയെന്നുവരില്ല, ദൈവത്തെ അറിയുന്ന വിധം തലനാരിഴകീറി പരിശോധിക്കുന്നിടത്തായിരിക്കും ഹാര്‍വാഡികളുടെ സ്ഥാനം.

ഞാന്‍ ആ ഇന്ത്യന്‍ യോഗിയെ കാണുന്നത് ഹാര്‍വാഡ് സ്‌ക്വയറിലാണ്. അദ്ദേഹം ഒരുപറ്റം വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു. ഐന്‍സ്റ്റീന്റെ ചപ്രത്തലമുടി, മാര്‍ക്‌സിന്റെ അലസമായി നീണ്ട സമൃദ്ധമായ താടി. 

നിങ്ങള്‍ യോഗികളെന്താണ് എപ്പോഴും ഇങ്ങനെ താടിയും മുടിയും വെക്കുന്നത് - ഒരുവന്റെ ചോദ്യം അതായിരുന്നു.
ഈ മുടിയും താടിയും വെച്ചതല്ല, വന്നതാണ്. ലോകത്തെവിടെയും മുടിയുടെ സ്വാഭാവികമായ ധര്‍മം വളരുകയാണല്ലോ? നിങ്ങള്‍ അത് മുറിക്കുന്നു, ഒപ്പിക്കുന്നു, കെട്ടിവെക്കുന്നു, തലയില്‍ വരെ പച്ചകുത്തുന്നു. അതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് വിശ്വസിക്കുന്നു, സ്വാഭാവികമായി സംഭവിക്കുന്നത് അസ്വാഭാവികമാണെന്നും കരുതുന്നു. ഇതെന്തൊരു തലതിരിഞ്ഞ അറിവാണ്? യോഗി തിരിച്ചടിച്ചു.

പിണച്ചുവെച്ച കാലുകളുമായി ഫ്രഞ്ച് വാനില കോഫി നുണഞ്ഞുകൊണ്ട് അദ്ദേഹം ഇരിപ്പ് തുടര്‍ന്നു. ചുറ്റിലും കേള്‍വിക്കാരുടെ എണ്ണം കൂടിക്കൊണ്ടുമിരുന്നു. വിദ്യാര്‍ഥികള്‍ പഠിച്ചുവരുന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിക്കെതിരായ തന്റെ കുരിശുയുദ്ധം അദ്ദേഹം തുടര്‍ന്നു - കൃത്യമായ അക്കൗണ്ടും കോര്‍പ്പറേറ്റ് ഗോളുകളുമുണ്ടെന്നത് ശരി. വ്യക്തിജീവിതത്തില്‍ അതില്ലെന്നതും ശരി. ലൈഫ് കോര്‍പ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആണല്ലോ ഓരോ വ്യക്തിയും. അവിടെ ലക്ഷ്യം ജീവിക്കുക എന്നതാണ് - ആവശ്യമായ ജീവിതാനുഭൂതികള്‍ അനുഭവിക്കുന്ന ജീവിതം.

ഒരു പോണിടെയ്ല്‍ സുന്ദരി ഇടപെട്ട് ചോദ്യമുയര്‍ത്തി, ജീവിതാനുഭൂതിയുടെ രഹസ്യം ചോര്‍ത്താനെന്നോണം. എന്താണ് ആയൊരു പരമാനന്ദത്തിലേക്കുള്ള മാര്‍ഗം? കാര്യമാത്രപ്രസക്തമായി യോഗി ചോദ്യത്തെ നേരിട്ടു - പരമാനന്ദത്തെപ്പറ്റിയുള്ള ചിന്ത നിങ്ങള്‍ കൈവെടിയുമ്പോള്‍ പരമാനന്ദം നിങ്ങളുടെ വളര്‍ത്തുപട്ടി കണക്കെ ഓടിയെത്തിക്കൊള്ളും.

യോഗി തുടര്‍ന്നു - ജീവിതത്തിന്റെ പല ആനന്ദങ്ങളും ലഭിക്കുന്ന മാര്‍ഗത്തിന്റെ എതിര്‍ദിശയിലാണ് പരമാനന്ദത്തിലേക്കുള്ള പാത. നിങ്ങള്‍ ആനന്ദം തേടുന്നത് നിങ്ങളില്‍നിന്നും അകന്നുകൊണ്ടാണ്. ഫെറാരിയും ഉന്നതമായ പദവികളും ഭേദപ്പെട്ടൊരു ഗേള്‍ ഫ്രണ്ടും അഥവാ ബോയ് ഫ്രണ്ടും മുടിഞ്ഞ ശമ്പളവും ഭേദപ്പെട്ട ശാരീരികാരോഗ്യവും കിട്ടിയേക്കാം. നിങ്ങളുടെ ഓട്ടം ഓരോ കുമിളകള്‍ക്കും പിന്നാലെയാണ്. എല്ലാവരെയും തേടി തിരിച്ചറിവിന്റെ നിമിഷങ്ങള്‍ എപ്പോഴെങ്കിലും വന്നണയും - എന്തൊക്കെയോ നേടിയിരുന്നെങ്കിലും മൊത്തത്തില്‍ പരമദരിദ്രനായിരുന്നു താനെന്ന തിരിച്ചറിവ്. 

സ്വന്തം ശരീരത്തിന്റെ സുഗന്ധത്തിന്റെ ഉറവിടം തേടിയലഞ്ഞ് കടുവാ വായിലെത്തുന്ന കസ്തൂരിമാനിനെപ്പോലെയാണ് പലരും. കച്ചവടത്തിന്റെ കോണ്‍ക്രീറ്റ് കാടുകളില്‍ നാമങ്ങനെ അവിശ്രമം അലയുകയാണ്. വെക്കുന്നതല്ല വരുന്നതാണ് മുടിയെന്നതുപോലെ. കോഫിയുടെ അവസാന കവിളും അകത്താക്കി അദ്ദേഹം എഴുന്നേറ്റു...
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം