ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആനയും കൊതുകും ഈഗോയും

ആധുനികലോകത്ത് ബ്രാന്‍ഡുകള്‍ ജന്മമെടുക്കുന്നതും വളരുന്നതും വിസ്മൃതമാവുന്നതും മിക്കവാറും ചെറിയ കാലയളവിനിടക്കാണ്. വിപണിയില്‍ അവയുളവാക്കുന്ന ചലനവും ശ്രദ്ധയും വളരെ കുറച്ചുകാലത്തേക്കാണെന്നര്‍ഥം. ടോക്കിയോവിലെ കസ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു ഡിജിറ്റല്‍ ഉല്പന്നത്തിനു ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടിയാല്‍ മൂന്നുമാസത്തേക്കാണെന്നു പഠനങ്ങള്‍ പറയുന്നു. 

വന്‍കിട കമ്പനികളിലെ സി.ഇ.ഒ.മാരുടെ 'ആയുര്‍ദൈര്‍ഘ്യം' തന്നെ ഏതാണ്ട് പകുതിയായി വെട്ടിച്ചുരുക്കപ്പെട്ടിരിക്കുകയാണ്. മാറുന്ന പരിഗണനകളുടെയും ശ്രദ്ധക്കുറവിന്റെയും ലോകം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ബെഡ്‌റൂമെന്നോ ബോര്‍ഡ്‌റൂമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. പാശ്ചാത്യലോകത്ത് രണ്ടിലൊന്നു വിവാഹബന്ധങ്ങളും പരാജയമാവുന്നതിന്റെ കാരണം ലളിതമാണ് - പങ്കാളികള്‍ക്കിടയിലെ ശ്രദ്ധയില്ലായ്മ. പങ്കാളികളെ ശ്രദ്ധയില്ലായ്മ പ്രതിയോഗികളാക്കുകയാണ്. നമുക്ക് നമ്മോടുതന്നെ ചേര്‍ന്നിരിക്കാനായി ഏതാനും സെക്കന്റുകള്‍ കൂടി മാറ്റിവെക്കാന്‍ പറ്റാത്ത ഭീതിദമായ അവസ്ഥ. 

നമ്മുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി നമുക്കു സമയം കണ്ടെത്താനാവും. ലേശം അറ്റകുറ്റപണി നടത്തി നമ്മോടുതന്നെയുള്ള നമ്മുടെ ബന്ധം ഒന്നു സുദൃഢമാക്കാനുള്ള സമയമാണു നമുക്കില്ലാതെപോവുന്നത്. ആത്മഹത്യയല്ലാതെ മറ്റെന്താണത്? ഊര്‍ജസ്വലമായ ജീവിതത്തെ വിരസമായ സാമ്പത്തികസമവാക്യങ്ങള്‍ക്കുമുന്നില്‍ നമ്മള്‍ അടിയറവെക്കുകയാണ്. 

ജീവനോപാധി തേടിയുള്ള യാത്രയില്‍ ജീവിതംതന്നെയാണ് നഷ്ടമാവുന്നത്. നാം സ്വയം അന്യരായി മാറിപ്പോവുന്നു. കാരണം ലളിതം - ഈഗോ. ശരീരം കൊള്ളാതെപോവുമോയെന്ന ഭയംകൊണ്ടല്ല നാം കാറിന്റെ വലുപ്പം കൂട്ടുന്നത്. ഊതിവീര്‍പ്പിച്ച ഈഗോവിന് ചെറിയ കാറിനെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണു പ്രശ്‌നം. 

പാലംവഴി അക്കരെക്കടക്കാന്‍ കാലെടുത്തുവെച്ച ആനയോടു മൂളിവന്ന കൊതുക് പണ്ടു ചോദിച്ചു - സുഹൃത്തെ, ഒരു കമ്പനിക്കായിട്ട് ഞാന്‍ താങ്കളുടെ പുറത്തിരിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ലല്ലോ? ആന അതു കേട്ടുവോയെന്നുതന്നെ സംശയം. ആനയെ ഒരു സഹയാത്രികനാക്കാന്‍ പറ്റിയതിന്റെ സകല അഭിമാനവും വ്യക്തമാക്കുന്ന മൂളിപ്പാട്ടുമായി കൊതുകങ്ങനെ ആനസവാരിയില്‍ മുഴുകി. കുറച്ചു നടന്നതേയുള്ളൂ കൊതുക് അലറിവിളിക്കാന്‍ തുടങ്ങി, ''നമ്മളു രണ്ടുപേരും കൂടിയാവുമ്പോള്‍ ഭാരം ഭയങ്കരമാണ്. അപകടമില്ലാതെ നോക്കണേ, പാലത്തിനു നടുവിലെത്താറായി.'' 

പാലം കടന്നപ്പോള്‍ കൊതുക് പറഞ്ഞു, ''കണ്ടോ എത്ര മനോഹരമായിട്ടാണു ഞാന്‍നിനക്ക് സുരക്ഷിതമായ വഴി കാട്ടിത്തന്നത്!'' ആന ഒന്നും പറഞ്ഞില്ല. ഒടുവില്‍ കൊതുക് ആനപ്പുറത്തുനിന്നും താഴെയിറങ്ങി, മെല്ലെ തന്റെ ബിസിനസ്സ് കാര്‍ഡെടുത്ത് ഒന്നു നീട്ടിമൂളിപ്പാടി, ''തനിക്ക് ഇനിയെന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ മടിക്കേണ്ട, എന്റെ സെല്‍ഫോണില്‍ വിളിച്ചോളൂ.'' എന്തോ ഒരു മൂളല്‍ ആന കേട്ടുവോയെന്നു സംശയം. കേട്ടെങ്കില്‍ തന്നെ അതേപറ്റി ചിന്തിക്കുകയെ ചെയ്യാതെ ആന അടിവെച്ചുനീങ്ങി.

ബൃഹത്തായ ജീവിതമാണ് ആന. കൊതുകാവട്ടെ സദാ അസ്വസ്ഥമായ ഈഗോയും. എത്രത്തോളം ആന കൊതുകിനെ അവഗണിക്കുന്നുവോ, അത്രകണ്ട് അതിന്റെ ഈഗോ ഇല്ലാതാവുന്നു.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിജയമന്ത്രങ്ങൾ - 1

 

സ്വരലയവും ഏകാഗ്രതയും

അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്?  എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന...

വിജയമന്ത്രങ്ങൾ - 2