ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അപ്രതിരോധ്യം

ദൃശ്യവും അപ്രതിരോധ്യവുമായ കരുത്താണ് പ്രാദേശികമായ മാനുഷികമൂല്യങ്ങളുടേത്. കാലങ്ങളായി ഉരുത്തിരിഞ്ഞുവന്ന വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എല്ലാം പ്രതിഫലിക്കുന്നതാണ് അവ. എത്ര തിരക്കേറിയ നഗരവീഥികളിലും അലസമായി അലയുന്ന, ചിലപ്പോഴെങ്കിലും മൃഗീയമായൊരു റോഡ് ഡിവൈഡറായി നിലകൊള്ളുന്ന പശുക്കളെ നാം കാണുന്നു. യാതൊരു മുറുമുറുപ്പുമില്ലാതെ ബൈക്കുകാരും കാറുകാരും വെട്ടിച്ച് വഴിമാറി പോവുന്നു. നമുക്ക് ട്രാഫിക് പോലീസുകാരനോടുള്ള അതേ ഭയഭക്തിതന്നെയാണ് പശു ഏറ്റുവാങ്ങുന്നതും. കാരണം നമ്മുടെ ബോധതലത്തില്‍ കാമധേനു ചിരപ്രതിഷ്ഠിതമാണ്. 

'വിശുദ്ധപശു' (ഹോളി കൗ) എന്ന പ്രയോഗം സായിപ്പുണ്ടാക്കിയത് അവിശ്വസനീയമെന്ന് തോന്നുന്നതിനെ വിശേഷിപ്പിക്കാനാണ്. അവര്‍ക്ക് അവിശ്വസനീയമായത് ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യമാണ്. സായിപ്പിന്റെ സ്വന്തം സ്ഥാപനമായ മക്‌ഡോണാള്‍ഡിന്റെ ഇന്ത്യന്‍ ശൃംഖലകളില്‍ കാലിയിറച്ചി ഉത്പന്നമായ ഹാംബര്‍ഗറിന്റെ വില്പന കമ്പനിതന്നെ നിരോധിച്ചതാണ്. പ്രാദേശികമൂല്യങ്ങളുടെ അദൃശ്യമായ കരുത്തിനെ അവഗണിക്കുവാന്‍ ആഗോളഭീമന്‍മാര്‍ക്കുകൂടി അസാധ്യമാണ് എന്നതിന്റെ തെളിവാണിത്. പ്രാദേശികമായ വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള ബഹുമാനമല്ലെങ്കില്‍ പിന്നെ, സഹസ്രാബ്ദങ്ങളായി ഗോവില്‍ ഗോവിന്ദനെ കാണുന്ന ജനകോടികളുടെ വിശ്വാസത്തിന്റെആല്‍മരച്ചുവട്ടില്‍ മക്‌ഡൊണാള്‍ഡിന്റെ കച്ചവടതാത്പര്യങ്ങളുടെ മുളകള്‍ തളിരെടുക്കുകയില്ലെന്നതിരിച്ചറിവെന്ന് വേണം കരുതാന്‍. എന്തെല്ലാം ആധുനികവത്കരണങ്ങള്‍, എന്തൊക്കെ മാറ്റങ്ങള്‍ - പശുവിലെ ദൈവികത മാത്രം മാറ്റമില്ലാതെ തുടരുന്നു.

ഒരു സമൂഹത്തെയൊന്നാകെ ചേര്‍ത്തുനിര്‍ത്തുന്നതാണ് മാനുഷികമൂല്യങ്ങള്‍. സമൂഹത്തെ ഭരിക്കുന്നമൂല്യബോധങ്ങളുടെ പ്രത്യക്ഷരൂപമാണ് സമൂഹത്തിന്റെ പൊതുമനോഭാവം. ചെറിയ സ്ഥാപനങ്ങള്‍ തൊട്ട് വലിയ നാഗരികതകള്‍ വരെയുള്ളതിന്റെ ചാലകശക്തി ആ മൂല്യങ്ങളാണ്. അത് രൂപപ്പെടുവാന്‍ എത്രയോ കാലം, പരിവര്‍ത്തനവിധേയമാകുവാനാവട്ടെ അത്രതന്നെ വീണ്ടും. സമൂഹത്തെ നിയന്ത്രിക്കുന്ന മൂല്യബോധങ്ങളുടെ നാഡീസ്പന്ദനമറിയുന്നവരായിരിക്കണം നേതൃത്വം. ആ മാനുഷികമൂല്യങ്ങളുടെ നൈസര്‍ഗികമായ സംഘടനാശേഷിയെക്കുറിച്ച് തിരിച്ചറിവുള്ളവര്‍. സമൂഹത്തെത്തന്നെ നിയന്ത്രിക്കുന്ന സ്ഥാപിതമായ മൂല്യബോധങ്ങള്‍ക്കെതിരെ നീങ്ങുന്നതിലും എത്രയോ എളുപ്പമാണ് കുത്തൊഴുക്കിനെതിരെ നീന്തുന്നത്. പ്രാദേശികമായ വിശ്വാസങ്ങളുടെ ആല്‍മരപരപ്പിനടിയില്‍ മുരടിച്ചുപോയ പല പ്രസ്ഥാനങ്ങളുടെയും ചരിത്രം നമുക്ക് പാഠമാവേണ്ടതാണ്. 

നദിയുടെ യഥാര്‍ഥ പ്രഭവകേന്ദ്രവും പ്രവാഹഗതിയും നിഗൂഢമെന്നതുപോലെ മാനുഷികമൂല്യങ്ങളുടെ ജാതകം നിഗൂഢതകളിലും ഐതിഹ്യങ്ങളിലും പുരാവൃത്തങ്ങളിലുമൊക്കെയായി ആഴ്ന്നുകിടക്കുകയാണ്. എങ്കിലും സ്വാതന്ത്ര്യബോധവും സ്‌നേഹവും പോലുള്ള സാര്‍വലൗകികമൂല്യങ്ങളുടെ വേരുകള്‍ ആത്മീയതയില്‍ ആണ്ടുകിടക്കുന്നതായി കാണാവുന്നതാണ്. വ്യക്തിത്വം, കളക്ടീവിസം തുടങ്ങിയവയാവട്ടെ ഓരോ സംസ്‌കാരത്തിലും വ്യത്യസ്തമാണ്. 

'ദി പവര്‍ ഓഫ് സ്പിരിച്വല്‍ ഇന്റലിജന്‍സ്' എന്ന ഗ്രന്ഥത്തില്‍ ടോണി ബുസാനുമായി അമേരിക്കയിലെ ഒരു വനിതാ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് നടത്തിയ സര്‍വേയെക്കുറിച്ച് പറയുന്നുണ്ട്. അമേരിക്കയിലെ ജയിലറകളില്‍ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട കൊടുംകുറ്റവാളികള്‍ അവരുടെ അന്ത്യദിനങ്ങളില്‍ വായിച്ചത് ഏതുതരം പുസ്തകങ്ങളായിരുന്നു എന്നൊരു അന്വേഷണം. ആത്മീയതയും പോര്‍ണോഗ്രാഫിയും തത്ത്വചിന്തയും സാഹിത്യവുമെല്ലാം വരുന്ന ശേഖരങ്ങളില്‍ നിന്ന് മരണത്തിന് തൊട്ടുമുന്നായി ഏറ്റവുമധികംപേരും വായിച്ചത് പ്രണയകവിതകളും പ്രണയലേഖനങ്ങളും എങ്ങനെയെഴുതാമെന്ന് പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളായിരുന്നു. സര്‍വവ്യാപിയായ സ്‌നേഹത്തിന്റെ അദൃശ്യമായ സാന്നിധ്യം.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിജയമന്ത്രങ്ങൾ - 1

 

സ്വരലയവും ഏകാഗ്രതയും

അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്?  എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന...

വിജയമന്ത്രങ്ങൾ - 2