അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്? എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന...