ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വലിയ ലോകവും വലിയ മനുഷ്യരും

വലിയലോകവും ചെറിയ മനുഷ്യരുമാണ് നാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരര്‍ഥത്തില്‍ നോക്കിയാല്‍ പലരും അങ്ങനെയല്ലെന്നതാണ് സത്യം. വലിയ ലോകത്തോളം തന്നെവളര്‍ന്ന എത്രയെത്ര ആളുകളുണ്ട് നമുക്കുചുറ്റും. ലോകത്തോളം വളരാനുള്ള കഴിവ് നമ്മളിലുണ്ട്. ലോകത്തെ തന്നിലേക്കൊതുക്കാനുള്ളത്രയും ഇടവും നമ്മളിലുണ്ട്. കുറച്ചുബാക്കിയും കാണണം.

ഒരു നേതൃത്വപരിശീലന സെമിനാറില്‍ സംസാരിക്കാനായിരുന്നു ഞാന്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ എത്തിയത്. അന്നവിടെ ഒരു പരസ്യ ഏജന്‍സി നടത്തിക്കൊണ്ടുപോവുന്ന ഒരാളുമായി സംസാരിക്കാനിടയായി. അവരൊരു രാജ്യാന്തര സര്‍വേ നടത്തിയകാര്യം അയാള്‍ വളരെ രസകരമായി അവതരിപ്പിച്ചു. ആഫ്രിക്കയിലെ ഏറ്റവും ശക്തമായ ആദ്യ മൂന്നു ബ്രാന്‍ഡുകള്‍ കണ്ടെത്തുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. ആദ്യ മൂന്നെണ്ണത്തില്‍ ഒന്നാമതായി നൈകും (ചഹക്ഷവ) രണ്ടാമതായി നെല്‍സണ്‍മണ്ടേലയും മൂന്നാമതായി കൊക്കക്കോളയും വന്നു.

കോടികള്‍ പൊടിച്ചും നിരവധി മസ്തിഷ്‌കങ്ങള്‍ ഒരുപോലെ അവിശ്രമം പണിതും സകലവിധ അടവുകളും പയറ്റിയും രണ്ടു ബഹുരാഷ്ട്ര ഭീമന്‍മാര്‍ നേടിയെടുത്ത സ്ഥാനത്തിനൊപ്പമായിരുന്നു ആയുസ്സിന്റെ നല്ലകാലം, തടവറകളിലെ അന്ധകാരത്തില്‍ കഴിഞ്ഞ ആ മനുഷ്യന്റെ സ്ഥാനം. മണ്ടേലയുടെതായി ഒരുത്പന്നവും വിപണിയിലുണ്ടായിരുന്നില്ല. അദ്ദേഹം മുടങ്ങാതെ പണിതുയര്‍ത്തിയത് അനുദിനം വര്‍ധിച്ചുവന്ന പൊതുസമ്മതി മാത്രമായിരുന്നു. അദ്ദേഹം വിലപിടിപ്പുള്ള ഒരു ബ്രാന്‍ഡുതന്നെയാണെന്നു വിപണി തിരിച്ചറിഞ്ഞു.

അനന്യസാധാരണമായ ആ വ്യക്തിത്വമായിരുന്നു മണ്ടേലയ്ക്ക് ലോകാംഗീകാരം നേടിക്കൊടുത്തത്. പരമമായ സ്വാതന്ത്ര്യത്തിന്റെ തന്നെ പ്രതീകവും പര്യായവുമായിമാറി ലോകത്തിന് നെല്‍സണ്‍ മണ്ടേലയെന്ന നാമം. ലോകത്തെങ്ങുമുള്ള വിമോചനസ്വപ്നങ്ങളുടെ ആശയും അഭിലാഷവുമായി മണ്ടേല വളര്‍ന്നു, സാധാരണ പ്രതീക്ഷകളുടെ അപ്പുറത്തേക്കുള്ള ലോകത്തേക്കു ആ കറുത്തിരുണ്ട കുറിയ ദുര്‍ബലന്‍ വളര്‍ന്നു. ഇരുപത്തിയേഴു വര്‍ഷത്തെ തടവറജീവിതത്തിലൂടെ ലോകത്തിന്റെ വിമോചനസ്വപ്നങ്ങളത്രയും ഉള്‍ക്കൊള്ളുവാനുള്ള വലിപ്പം അദ്ദേഹം നേടി. ഇന്നിന്റെ വിമോചന സ്വപ്നങ്ങളുടെ പ്രതീകം മണ്ടേല തന്നെയാണ്. സ്വാതന്ത്ര്യം പോലും പൂര്‍ണമായും സ്വതന്ത്രമല്ലെന്നത് ഒരു വിരോധാഭാസമാണ്. വിപണിയുടേതായി അതിനുമീതെയും ഒരു 'പ്രൈസ്ടാഗ് ' ഉണ്ട്.

പുറത്തു നാംകാണുന്ന ലോകം നാം വിലമതിക്കുന്ന നമ്മിലെ തന്നെ മൂല്യങ്ങളുടെ ഒരു പ്രൊജക്ഷനാണെന്നു തോന്നാറുണ്ട്. മണ്ടേല നമ്മെ സംബന്ധിച്ചിടത്തോളം അത്രയേറെ വിലയേറിയതാണ്, എന്തെന്നാല്‍ നമ്മുടെയെല്ലാം തന്നെ സ്വതന്ത്രമാവാനുള്ള ഉല്‍ക്കടമായ അഭിലാഷങ്ങള്‍ക്ക് കൈയുംകാലും വെച്ച രൂപമാണ് അദ്ദേഹം. 

നൈകും കോക്കും വേറൊരു പ്രതീകമാണ് - ആനന്ദദായകവും സുഖപ്രദവും ചടുലവുമായ ജീവിതത്തിന്റെ പ്രതീകങ്ങള്‍. ചിരിക്കാനറിയുന്ന ലോകത്തെ ഏകമൃഗമായി നാം സൃഷ്ടിക്കപ്പെട്ടെങ്കിലും അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ചിരിക്കാനുള്ള നമ്മുടെ കഴിവാണ് ചാപ്ലിന്റെ മൂല്യം കുത്തനെയുയര്‍ത്തിയത് എന്നത് ഇവിടെ ഓര്‍ക്കാം.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിജയമന്ത്രങ്ങൾ - 1

 

വിജയമന്ത്രങ്ങൾ - 2

വിജയമന്ത്രങ്ങൾ - 3

മുൻഗണനാക്രമം തെറ്റരുത്